പീലിനിറം

ആ മിഴിയിണ തഴുകി വരുന്നൊരാ കാറ്റിലും കാണാം മയിൽപ്പീലി തൻ നിറം. ഒരു മന്ദഹാസത്താൽ ഒരു കഥ പറയുന്ന മഞ്ജുഭാഷി തൻ അഴകിൻ നിറം.കാറ്റിന്റെ കൈകളിൽ ആടും നിൻ കൂന്തലിൻ പരിമളം, ഒരു മന്ത്ര സുസ്മിതം എനിക്ക് നൽകി.അറിയാത്ത ലോകത്ത് ഉഴലുന്ന മനസ്സുമായ് അറിയാതെ എങ്ങോ നടന്നു പോയ് ഞാൻ.അഞ്ചിതമാമൊരാ പുഞ്ചിരി ഇന്നെന്റെ അന്തരംഗത്തിൽ കുളിർ പകരേ, അറിയാത്ത പ്രണയത്തിൻ ഭാഷയിന്നെന്റെ അറിവിന്റെ മണ്ഡലം കവർന്നിടുന്നു.ഉരിയാടുവാനായ് തുനിയുന്നതൊക്കെയും മയിൽപ്പീലി വർണ്ണത്തിൻ വർണനയായ്,അറിയാതെ തന്നെയെൻ നെറുകയിൽ നിന്നിതാ അടരുന്നു മുല്ല തൻ മൊട്ടുകളായ്.ഇന്നെന്റെ ഉള്ളിലെ വിടരുന്നൊരാശയോ,..
നിൻ ഗള ചുഴിയിൽ അമർന്നു കിടക്കുന്ന ഏലസ്സു പോലെ ഞാൻ മാറിയെങ്കിൽ…
നിൻ സ്വര മർമ്മരം ആദ്യം ശ്രവിക്കുന്ന ഏലസ്സു പോലെ ഞാൻ മാറിയെങ്കിൽ…

അശ്രുപുഷ്പം!

സായാഹ്‌ന രേണുക്കൾ എന്റെ ഉള്ളിലേക്ക് ഏതോ മനസ്സിന്റെ കൈകൾ പോലെ ജീവന്റെ ശോണിമയോടെ തഴുകി ഉതിരുമ്പോൾ എന്റെ അശ്രുബിന്ദുക്കൾ നിലം തൊടുന്ന പൂക്കളായ് മാറുന്നു.അതിൽ നിന്നുയരുന്ന പരിമളം എന്റെ ജീവന് വീണ്ടും തളിരിടാൻ ഒരു ശ്വാസകണികയായ് മാറിടുന്നു..

ഒറ്റത്തണ്ടിലെ പുഷ്പം

എന്റെ ഉള്ളറിയുന്ന പുഷ്പം
വേദനയുടെ മുള്ളുകൾ പടർന്ന എന്റെ ജീവന്റെ തണ്ടിൽ സുഖത്തിൻ പരാഗങ്ങൾ പേറി,എനിക്ക് തണലായി എന്റെ തണ്ടിലെ പുഷ്പം.എന്റെ ഉള്ളറിയുന്ന പുഷ്പം.നല്ല നാളേയ്ക്കായി രാ മുഴുവൻ തുഷാരം നെറുകിലേറ്റി കുളിർമയുള്ള രാവിലെകൾ എനിക്കായ് വിരിയിക്കുന്ന എന്റെ പുഷ്പം. നിന്നെയും പേറി ഉള്ള നിൽപ്പിൽ ഒരിക്കലും എന്റെ തണ്ടുകൾ കുഴഞ്ഞിട്ടില്ല, എന്റെ വേരുകൾ തളർന്നിട്ടില്ല.ഭാരം എന്തെന്നറിഞ്ഞിട്ടില്ല.പകൽ വെളിച്ചത്തിൽ നിന്റെ പുഞ്ചിരിയിൽ വേരു മുതൽക്കേ ഞാൻ ഒരു തൂവലായി മാറുന്നു.പനിനീർ തുള്ളികൾ മുത്തുകൾ ചൂടിച്ച നിന്റെ ചിരിയിൽ എന്റെ മുൾമുനകൾ ഇല്ലാതെയാകുന്നു.നീ എന്റെ നെറുകയിൽ ചിരിയോടെ നിൽക്കുമ്പോൾ ഞാൻ ഏതോ കഥയിലെ രാജാവായി മാറുന്നു.നിന്റെ ഇതളുകൾ അപ്പോൾ എന്റെ കിരീടത്തിലെ മുത്തുകളായി തിളങ്ങുന്നു. എനിക്കായ് എവിടെയോ ബാക്കിയുള്ള ജീവനിൽ, ഇതളുകൾ കൊഴിയാത്ത പുഷ്പമായി മുള്ളുകൾ പടർന്ന എന്റെ തണ്ടിൽ എന്നും നീ ഉണ്ടാവണം.എന്റെ ഒറ്റപ്പുഷ്പമായി, എന്റെ ഉള്ളറിയുന്ന പുഷ്പമായി…

അകലത്തിന്റെ അടുപ്പം!

അകലങ്ങൾക്ക് ഇത്ര അടുപ്പം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല, നിന്റെ പ്രണയനിലാപ്പൂക്കൾ എന്നിൽ പെയ്തിറങ്ങിയത് വരെ..ഇളം തെന്നലിനും ചാറ്റൽമഴയ്ക്കും ഒപ്പം നിന്റെ സാമീപ്യം, അണയാനിരുന്ന എന്റെ പ്രണയതിരികൾക്ക് ഊർജ്ജമായി തീർന്നത് വരെ!

ഒരു പീലിക്കണ്ണിന്റെ ചിത്രം!

ഒരു പീലിക്കണ്ണിന്റെ ചിത്രം!!!
കാലങ്ങൾക്കപ്പുറം ഒരു കവിതയുണ്ടാവും,കരിനീലക്കണ്ണുകൾ കരളലിയിച്ച കണക്കിന്റെ കവിത.കഥകളില്ലാത്ത ചിത്രങ്ങളായി മനസ്സിലവൻ കോറിയിട്ട വരകളുടെ നേർക്കു വാക്കുകൾ ശരങ്ങളായി തറക്കുന്ന കവിത.അന്നുതിർത്തു വീഴുന്ന ചോരത്തുള്ളികൾ ചേർത്തു വെച്ചു അവൻ ഒരു ചിത്രം വരയ്ക്കും.വീണ്ടും ആ കാലത്തിലേക്ക് പടിപ്പുര തുറന്നിറങ്ങി വരുന്ന കൗതുകമുള്ള കണ്ണുകളുടെ ചിത്രം.ഭൂതകാലത്തിന്റെ വാൽക്കണ്ണാടിയിൽ തെളിഞ്ഞ കണ്ണുകൾക്കും അതേ ഛായ.നിലക്കാത്ത മോദം അലതല്ലി വന്നു പ്രാണന് കരുത്തായി നിന്നു. ചുരുൾമുടിയിഴയെ പറ്റി എത്രെയോ പടിയിരുന്നു. കാർമേഘത്തിൽ എള്ളെണ്ണയുടെ സൗരഭം പൂണ്ട പോലെയുള്ള നിന്റെ മുടിയിഴ ചന്തത്തെ പറ്റി. ബാക്കി വന്ന തുള്ളികൾ ചേർത്തു അവൻ ആ കാർക്കൂന്തലിന്റെ അഴകും വർണിക്കും. നിലക്കാത്ത പ്രണയത്തിന്റെ പ്രവാഹം നേർത്ത വീചികൾക്കു താങ്ങാവുന്നതിനപ്പുറം. പരാജയത്തിന് കാരണം ബലക്ഷയം മാത്രമല്ല.ഒരുപക്ഷേ അവൻ വരച്ച കണ്ണുകളോടുള്ള ആരാധന ആവാം.നിർവൃതിക്കു നിമിഷ നേരത്തെ ആയുസ്സ് മാത്രം. അവൻ കോറിയിട്ട ചിത്രങ്ങൾക്കും…

മയിൽപ്പീലിച്ചൂട്!

മയിൽപ്പീലിച്ചൂട്
വേദന കൊണ്ട് പുളയുമ്പോഴും, ചോരയുടെ മണം ഏൽക്കാതെ വണ്ണം അവൻ തന്റെ മയിൽപ്പീലിയെ
നെഞ്ചോട് ചേർത്തു മറച്ചു പിടിച്ചിരുന്നു. മുറിയുന്ന ജീവനെ ചേർക്കാൻ തന്റെ മയിൽപ്പീലിയുടെ ചൂടിന് കഴിയും എന്ന വിശ്വാസത്തോടെ!!!

മിഴിക്കണ്ണാടി!!

മിഴിക്കണ്ണാടി

രാത്രിമഴ പെയ്തു തോർന്നതും നിശഗാന്ധിയുടെ സുഗന്ധമുള്ളതും ആയ ഒരു പുലരിയിൽ നിന്റെ പിറകിലായി ഞാനും, നമ്മുക്ക് മുന്നിൽ ഇറ്റു വീഴുന്ന ജലകണങ്ങളും..ഉദിച്ചുയരുന്ന സൂര്യന്റെ
ഇളം ചൂടിൽ എന്റെ സ്പർശനം കുളിരോടെ ഏറ്റുവാങ്ങി നീ..ഒരു മറുവാക്കു പോലെ നീ എന്നെ ആലിംഗനം ചെയ്യവേ, നിശഗാന്ധി തൻ സുഗന്ധം നിന്റെ ചുരുൾ മുടി ഏറ്റുവാങ്ങിയതറിഞ്ഞു ഞാൻ. പലനാൾ പറയാൻ കരുതിയതൊക്കെയും നിന്റെ മന്ദസ്മിതത്താൽ നീ ഉരിയാടുമ്പോൾ, ഒരു മയിൽപ്പീലിയുടെ അഴകോടെ വിടർന്ന നിന്റെ കണ്ണുകളിൽ എന്റെ രൂപത്തെ കണ്ടു ഭംഗിയായി!!!

ഏകാന്തതയിലെ മയിൽപ്പീലി!

ഏകാന്തതയിലെ മയിൽപ്പീലി!!

ഈ സൂര്യകിരണങ്ങൾ സന്ധ്യതൻ മാറിൽ
മയങ്ങും മുമ്പ്, സഖീ നീ എൻ കൈ
പിടിച്ചു ഒരു കാതം കൂടി നടന്നിരുന്നെെങ്കിൽ..
ഒരു മഞ്ഞു കാലത്തിൻ സ്മരണയും പേറി
ഇനി ഉള്ള കാലം ഞാൻ തനിയെ..ഇനിയുള്ള ദൂരം
കിളികളില്ല, പുഴയുടെ മണികിലുക്കമില്ല, പച്ചപ്പിൻ
തണുപ്പുമില്ല.ഓർമ്മകൾക്ക് കുളിരേകുന്ന ആ സുന്ദര മഴയുമില്ല. ബാല്യ സ്മൃതിയുടെ പാളികളിൽ
കണ്ട ഒന്നും തന്നെയില്ല.ഭാഷയുടെ ദൂരത്തിന്റെ
പരിമിതികൾക്കപ്പുറം കേട്ട ചില വാക്കുകൾ കാതുകളിൽ, പറയാൻ ബാക്കിയായതോ ഒരു പുലർക്കാലത്തിലെ ഭൂപാളമായി എന്നും ബാക്കി..
ഒരിക്കൽ കൂടി ആ മഴ പെയ്തിരുന്നെങ്കിൽ, ലോകത്തിനിരുപുറവും ഒരുപോലെ പെയ്യാറുള്ള അതേ മഴ! സ്നേഹത്തിൻ കുളിർമയുള്ള അതേ മഴ! ഒടുവിലായി ബാക്കിയായതോ എന്റെ ഓർമകളുടെ രസങ്ങളെ പുൽകാൻ ഞാൻ തനിച്ചായ് എന്ന തോന്നലും, പിന്നെ ഒരിക്കലും മായാതെ ആ മയിൽപ്പീലി കണ്ണുകളും! Continue reading “ഏകാന്തതയിലെ മയിൽപ്പീലി!”