അവധിക്ക് നാട്ടിൽ വന്നപ്പോൾ ആണ് അറിഞ്ഞത് ജോർജ്ജ് കുട്ടി സഖാവിന് ക്യാൻസർ ആണെന്ന്. അറിഞ്ഞ പാടെ എല്ലാ തിരക്കും മാറ്റിവെച്ച് സഖാവിനെ കാണാൻ പുറപ്പെട്ടു. പോകുംവഴി ഓർത്തത് മുഴുവൻ സഖാവിന്റെ വിപ്ലവനേട്ടങ്ങളെ പറ്റിയും, അതുമൂലമുണ്ടായ നഷ്ടങ്ങളെ പറ്റിയും ആയിരുന്നു. എങ്ങനെ നടന്നിരുന്ന ഒരാളാ, എന്തു ചെയ്യാൻ കഴിയും, വിധിയുടെ മുന്നിൽ മുട്ടുകുത്താത്ത ഒരു മനുഷ്യനും ഇന്നോളം ഉണ്ടോ. ഒരു പക്ഷെ സഖാവിന്റെ തുലാസിൽ താണിരുന്ന നേട്ടങ്ങളുടെ തട്ടിനേക്കാൾ മറ്റു പലരുടെയും ദുരന്തങ്ങളുടെ തട്ടിന് താഴ്ച്ച കൂടുതൽ ഉണ്ടായിരിക്കാം.ഇങ്ങനെയൊക്കെ ആയിത്തീരാൻ അതു ധാരാളം ആയിരിക്കാം.റോഡിൽ
നിന്നും മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ, പണ്ട് വളരെ വീര്യത്തോടെ അവിടെനിന്ന്, സന്ധ്യക്ക് നടക്കുന്ന പാർട്ടി മീറ്റിങ്ങിൽ പ്രസംഗിക്കുന്ന സഖാവിന്റെ മുഖം ഓർമയിൽ തെളിഞ്ഞു.വരാന്തയിൽ ഇരുന്നു സഖാവിന്റെ ‘അമ്മ ബൈബിളിൽ എന്തോ പരതുന്നുണ്ടായിരുന്നു. അറിയാവുന്നതും അല്ലാത്തതുമായ പലരും സഖാവിനെ കാണാൻ വന്നു പോകുന്നത് കൊണ്ട് ആ അമ്മയുടെ മുഖത്ത് ഒരാൾ വീട്ടിൽ വന്നതിന്റെ ഭാവ വ്യത്യാസം ഒന്നും തന്നെ കണ്ടില്ല.സഖാവ് കിടക്കുന്ന മുറിയിലേക്ക് ഞാൻ കയറി.ബുദ്ധിമുട്ടോടു കൂടിയെങ്കിലും ചിരിച്ച ആ മുഖത്ത് ഞാൻ ആരാണെന്നു മനസ്സിലായില്ല എന്നത് തെളിഞ്ഞു കാണാമായിരുന്നു.കുറച്ചു മൗനത്തിന് ശേഷം ഒരു വശത്തേക്ക് തല ചരിച്ചു കിടന്നത് കണ്ടപ്പോൾ മനസ്സിലായി, 20 വർഷങ്ങൾക്കപ്പുറത്തേക്ക് അയാളുടെ ചിന്താമണ്ഡലം പാഞ്ഞുവെന്നും, അവിടെ നിന്നും ചില ചിത്രങ്ങൾ വ്യക്തതയോടെ അയാളുടെ മനസ്സിൽ തെളിഞ്ഞുവെന്നും. കണ്കോണിൽ കണ്ട കണ്ണീർ കണത്തിനു ഒരു മാപ്പു ചോദിക്കലിന്റെ അർത്ഥമുണ്ടാവാം പക്ഷെ അത് അയാൾ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളുടെ ചൂടിൽ, നിമിഷാർധത്തിൽ ആവിയായി മാറി.
ഒന്നിനും കൊള്ളാത്ത ചില പാർട്ടി പ്രത്യയ ശാസ്ത്രങ്ങളുടെ കയറിൽ തൂങ്ങിയ ചില പച്ച ജീവിതങ്ങൾ അർബുദ രൂപത്തിൽ സഖാവിന്റെ ശരീരത്തെ കാർന്നു തിന്നു തുടങ്ങിയത് ദൈവം ഉണ്ടെന്നതിനു തെളിവായി സഖാവ് വിശ്വസിച്ചിരിക്കണം. അതിന്റെ അടയാളം ആവാം കഴുത്തിൽ ഇപ്പോൾ കാണുന്ന ക്രൂശിത രൂപം.
മെലിഞ്ഞു തുടങ്ങിയ ശരീരത്തിൽ ഒന്നു കൂടി നോക്കിയപ്പോൾ, വരാന്തയിൽ നിന്നുകൊണ്ട് പാർട്ടി ബൈബിൾ നിയമങ്ങൾ ഘോരമായി പ്രസംഗിക്കുന്ന സഖാവിനെ ഓർമ്മ വന്നു. ചുണ്ടിൽ സദാ കത്തുന്ന ബീഡി, അരികിൽ കട്ടൻ ചായ. പുകയിലയുടെ വൃത്തികെട്ട മണം ആ മുറ്റമാകെ പടർന്നിരുന്നു.പാർട്ടിയുടെ അടിസ്ഥാന മണം! അന്ന് വലിച്ചു കയറ്റിയ പുകയില ആസ്വദിച്ചപ്പോൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ഒരു ദിവസത്തെ പറ്റി.
ഒന്നും പറയാതെ, ചെയ്യാതെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഏതോ പ്രതികാരം ചെയ്തു വിജയിച്ചവനെ പോലെ തോന്നി. വരാന്തയിൽ നിന്നിറങ്ങുമ്പോൾ ആ അമ്മ അന്നേരവും ബൈബിളിൽ എന്തോ പരതികൊണ്ടിരുന്നു, ഒരു ഭാവഭേദവും കൂടാതെ.
പടിപ്പുര കടന്നു റോഡിലേക്കിറങ്ങുമ്പോൾ,ആരോ വലിച്ചു വിട്ട ബീഡിയുടെ പുക എന്റെ മുഖത്ത് തട്ടി കടന്നു പോയി; കേസരം തിരഞ്ഞു പറക്കുന്ന അടുത്ത അർബുദ പരാഗമായി…