അർബുദപരാഗം.

അവധിക്ക് നാട്ടിൽ വന്നപ്പോൾ ആണ് അറിഞ്ഞത് ജോർജ്ജ് കുട്ടി സഖാവിന് ക്യാൻസർ ആണെന്ന്. അറിഞ്ഞ പാടെ എല്ലാ തിരക്കും മാറ്റിവെച്ച് സഖാവിനെ കാണാൻ പുറപ്പെട്ടു. പോകുംവഴി ഓർത്തത്‌ മുഴുവൻ സഖാവിന്റെ വിപ്ലവനേട്ടങ്ങളെ പറ്റിയും, അതുമൂലമുണ്ടായ നഷ്ടങ്ങളെ പറ്റിയും ആയിരുന്നു. എങ്ങനെ നടന്നിരുന്ന ഒരാളാ, എന്തു ചെയ്യാൻ കഴിയും, വിധിയുടെ മുന്നിൽ മുട്ടുകുത്താത്ത ഒരു മനുഷ്യനും ഇന്നോളം ഉണ്ടോ. ഒരു പക്ഷെ സഖാവിന്റെ തുലാസിൽ താണിരുന്ന നേട്ടങ്ങളുടെ തട്ടിനേക്കാൾ മറ്റു പലരുടെയും ദുരന്തങ്ങളുടെ തട്ടിന് താഴ്ച്ച കൂടുതൽ ഉണ്ടായിരിക്കാം.ഇങ്ങനെയൊക്കെ ആയിത്തീരാൻ അതു ധാരാളം ആയിരിക്കാം.റോഡിൽ
നിന്നും മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ, പണ്ട് വളരെ വീര്യത്തോടെ അവിടെനിന്ന്, സന്ധ്യക്ക് നടക്കുന്ന പാർട്ടി മീറ്റിങ്ങിൽ പ്രസംഗിക്കുന്ന സഖാവിന്റെ മുഖം ഓർമയിൽ തെളിഞ്ഞു.വരാന്തയിൽ ഇരുന്നു സഖാവിന്റെ ‘അമ്മ ബൈബിളിൽ എന്തോ പരതുന്നുണ്ടായിരുന്നു. അറിയാവുന്നതും അല്ലാത്തതുമായ പലരും സഖാവിനെ കാണാൻ വന്നു പോകുന്നത് കൊണ്ട് ആ അമ്മയുടെ മുഖത്ത് ഒരാൾ വീട്ടിൽ വന്നതിന്റെ ഭാവ വ്യത്യാസം ഒന്നും തന്നെ കണ്ടില്ല.സഖാവ് കിടക്കുന്ന മുറിയിലേക്ക് ഞാൻ കയറി.ബുദ്ധിമുട്ടോടു കൂടിയെങ്കിലും ചിരിച്ച ആ മുഖത്ത് ഞാൻ ആരാണെന്നു മനസ്സിലായില്ല എന്നത് തെളിഞ്ഞു കാണാമായിരുന്നു.കുറച്ചു മൗനത്തിന് ശേഷം ഒരു വശത്തേക്ക് തല ചരിച്ചു കിടന്നത് കണ്ടപ്പോൾ മനസ്സിലായി, 20 വർഷങ്ങൾക്കപ്പുറത്തേക്ക് അയാളുടെ ചിന്താമണ്ഡലം പാഞ്ഞുവെന്നും, അവിടെ നിന്നും ചില ചിത്രങ്ങൾ വ്യക്തതയോടെ അയാളുടെ മനസ്സിൽ തെളിഞ്ഞുവെന്നും. കണ്കോണിൽ കണ്ട കണ്ണീർ കണത്തിനു ഒരു മാപ്പു ചോദിക്കലിന്റെ അർത്ഥമുണ്ടാവാം പക്ഷെ അത് അയാൾ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളുടെ ചൂടിൽ, നിമിഷാർധത്തിൽ ആവിയായി മാറി.

ഒന്നിനും കൊള്ളാത്ത ചില പാർട്ടി പ്രത്യയ ശാസ്ത്രങ്ങളുടെ കയറിൽ തൂങ്ങിയ ചില പച്ച ജീവിതങ്ങൾ അർബുദ രൂപത്തിൽ സഖാവിന്റെ ശരീരത്തെ കാർന്നു തിന്നു തുടങ്ങിയത് ദൈവം ഉണ്ടെന്നതിനു തെളിവായി സഖാവ് വിശ്വസിച്ചിരിക്കണം. അതിന്റെ അടയാളം ആവാം കഴുത്തിൽ ഇപ്പോൾ കാണുന്ന ക്രൂശിത രൂപം.

മെലിഞ്ഞു തുടങ്ങിയ ശരീരത്തിൽ ഒന്നു കൂടി നോക്കിയപ്പോൾ, വരാന്തയിൽ നിന്നുകൊണ്ട് പാർട്ടി ബൈബിൾ നിയമങ്ങൾ ഘോരമായി പ്രസംഗിക്കുന്ന സഖാവിനെ ഓർമ്മ വന്നു. ചുണ്ടിൽ സദാ കത്തുന്ന ബീഡി, അരികിൽ കട്ടൻ ചായ. പുകയിലയുടെ വൃത്തികെട്ട മണം ആ മുറ്റമാകെ പടർന്നിരുന്നു.പാർട്ടിയുടെ അടിസ്‌ഥാന മണം! അന്ന് വലിച്ചു കയറ്റിയ പുകയില ആസ്വദിച്ചപ്പോൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ഒരു ദിവസത്തെ പറ്റി.

ഒന്നും പറയാതെ, ചെയ്യാതെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഏതോ പ്രതികാരം ചെയ്തു വിജയിച്ചവനെ പോലെ തോന്നി. വരാന്തയിൽ നിന്നിറങ്ങുമ്പോൾ ആ അമ്മ അന്നേരവും ബൈബിളിൽ എന്തോ പരതികൊണ്ടിരുന്നു, ഒരു ഭാവഭേദവും കൂടാതെ.

പടിപ്പുര കടന്നു റോഡിലേക്കിറങ്ങുമ്പോൾ,ആരോ വലിച്ചു വിട്ട ബീഡിയുടെ പുക എന്റെ മുഖത്ത് തട്ടി കടന്നു പോയി; കേസരം തിരഞ്ഞു പറക്കുന്ന അടുത്ത അർബുദ പരാഗമായി…

ഇനി ആ ചുവന്ന പൂക്കൾ ഈ വിരലുകളിൽ ഒതുങ്ങട്ടെ! നീ പറഞ്ഞ, ഹൃദയത്തിൻ ഉള്ളിൽ നിന്നും ഉതിർന്നു വരാറുള്ള ചുടുചുംബനങ്ങൾ ഈ ചുണ്ടുകളിൽ തങ്ങട്ടെ! മനസ്സ്‌ മന്ത്രിക്കുന്ന പോലെ ഒരു നാൾ വരും.ആ നാളിൽ, എന്റെ കാതുകളിൽ നീ പറയുന്ന തൂമഞ്ഞിൻ കുളിർമയുള്ള നിന്റെ മൊഴികൾക്ക് പകരം നിൽക്കാൻ,ഒരു പുതിയ ജീവനോടെ അവ ഒരുങ്ങട്ടെ…….

തൂവൽ സ്മാരകം

ചിറകുകൾ കൊഴിയാതെ ആ കൊടുമുടിയിലേക്ക് പറന്നുയർന്ന പക്ഷിയുടെ തൂവലുകളിൽ ഒന്ന് അടർന്നു വീണ് ആ ഉയരത്തിൽ ഇന്നും തറച്ചു നിൽക്കുന്നു.അതേ ഉയരത്തിൽ എന്നും ഇരുന്ന്‌ അതിന്റെ ഉയരം അറിയാതെ, ഒന്നു ചിറക് പോലും അനക്കാതെ കഴിയുന്ന ചിലതിനോട് പറയുവാൻ ആയിരം കഥകൾ ഉള്ള ഒരു സ്മാരകമായി!!

ഭ്രാന്തൻ

അയാൾക്ക് ഭ്രാന്ത് ആയിരുന്നു. നിൽക്കാത്ത ഓട്ടം, എവിടേക്കെന്നറിയാത്ത പോലെ. ഞാൻ ചോദിക്കാറുണ്ടായിരുന്നു എന്തിനീ ഓട്ടം മുന്നിൽ നേടുവാൻ ഒന്നുമില്ലാതെ?. ഞാൻ നോക്കുമ്പോൾ അയാൾക്ക്‌ മുന്നിൽ ശൂന്യത മാത്രം, ഒന്നിനാലും നിറക്കുവാൻ പറ്റാത്ത ശൂന്യത.പക്ഷേ അയാൾ ചിരിച്ചിരുന്നു. വശ്യമായ ഒരു പുഞ്ചിരി,എപ്പോഴും…. അകത്തുള്ള കാട്ടുതീ ഒളിച്ചു വെക്കുവാൻ ആ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു എന്നു തോന്നുംവണ്ണം അയാൾ ചിരിച്ചിരുന്നു.പിന്നീടുള്ള എന്റെ ഓട്ടം അയാളുടെ താടിരോമങ്ങൾക്കിടയിൽ, ഒരു കാട്ടു തീ മറയ്ക്കാൻ പറ്റുന്ന തരത്തിൽ കണ്ട പുഞ്ചിരിക്ക് പിറകെയായി. അന്നൊരു സന്ധ്യക്ക് അരണ്ട വെളിച്ചത്തിൽ അയാളുടെ കൈത്തണ്ടയിൽ ഞാൻ കണ്ടു,പച്ചകുത്തിയ മയിൽപ്പീലി ചിത്രം. ഒപ്പം അയാളുടെ കണ്ണിലെ തിളക്കവും. അയാൾക്ക്‌ഭ്രാന്ത് അല്ലായിരുന്നു.ആ ചിത്രം അയാളുടെ സിരകളിൽ അലിച്ചു ചേർത്ത ലഹരിയായിരുന്നു.അപ്പോൾ ഞാൻ അറിഞ്ഞു അയാൾ ഓടിയിരുന്നത് ശൂന്യതയിലേക്കല്ല എന്ന്. നിറങ്ങളുടെ ലോകത്തേക്കുള്ള അയാളുടെ ഓട്ടം ഒരു ഭ്രാന്തൻ മനസ്സിൽ ഉരുത്തിരിഞ്ഞ വെപ്രാളം മാത്രമായിരുന്നു എന്റെ കാഴ്ചയിൽ. അല്ലെങ്കിൽ തന്നെ ഞാൻ ആര്? അയാൾക്ക് ഭ്രാന്ത് എന്നു പറയുവാൻ എനിക്കെന്തു സുബോധം? ഇല്ല അയാൾക്കു ഭ്രാന്തില്ല; മറക്കുന്നവരുടെ ഈ ലോകത്ത് മറന്നു പോകാതെ അയാൾ കൂടെ കൂട്ടിയ വർണലോകത്തെ ശൂന്യതയായി കണ്ട എനിക്കാണ് ഭ്രാന്ത്!!!

പൂർവമഴ

കിഴക്ക് നിന്നു വന്ന മഴയിൽ നിന്റെ ഗന്ധമുണ്ടായിരുന്നു. നീ മൂളിയിരുന്ന ഈണമുണ്ടായിരുന്നു, എനിക്ക് വേണ്ടി നീ കരുതിയിരുന്ന ഈണം.തിരകൾക്കപ്പുറം മേഘങ്ങൾ കൂടി കാറ്റിൻ ചിറകേറി എന്റെ അരികിൽ ഈ മഴ എത്തിയപ്പോൾ എന്റെ നിശ്വാസം മഴയിലും കുളിർമയുള്ളതായി.ഈ ചാറ്റൽമഴയിൽ നിന്റെ രൂപം ഞാൻ കണ്ടു.അതിൽ നിന്റെ കണ്ണുകളിൽ, ഞാൻ എന്നെ ഒരു മഴവില്ലിന്റെ അഴകോടെ കണ്ടു.ഞാൻ ആദ്യമായി ഇത്ര ഭംഗിയോടെ എന്നെ കണ്ട സന്ധ്യ.നീ എന്നെ എപ്പോഴും കണ്ടിരുന്ന അതേ ഭംഗിയോടെ….

തടശില

ഒരു തടശില ആയ എന്നെ തഴുകുന്ന തിരകൾക്കു, എന്നെ  തകർക്കുവാനുള്ള ശക്തിയുണ്ടെന്നറിഞ്ഞിട്ടും തിരകൾക്കായി വീണ്ടും കാത്തിരിക്കുന്നു. ഇനി വരുന്നതും ഒരു തഴുകലുമായി മാത്രമാവും എന്ന വിശ്വാസത്തോടെ….

രാപ്രണയം

രാവിനെ പ്രണയിക്കണം! എനിക്ക് വേണ്ടി സുഗന്ധ പുഷ്പങ്ങൾ വിരിയിക്കുന്നതും, നക്ഷത്രങ്ങൾ നിരത്തുന്നതും, നിലാവിന്റെ നീലനിറം എനിക്ക് നൽകുന്നതും എനിക്കേറെ ഇഷ്ടപ്പെട്ട രാത്രിമഴ പൊഴിയിക്കുന്നതും രാവ് തന്നെ; രാവ് മാത്രം!!

ഞങ്ങളുടെ സ്വപ്നം!

എനിക്കിനി ഉറങ്ങണം,നോവിന്റെ ആവേഗങ്ങളെ പ്രണയിച്ചു എന്റെ കോശങ്ങൾ മരവിച്ചു തുടങ്ങി.എന്റെ കാഴ്ച്ചകൾക്ക്‌ മങ്ങലേൽക്കുന്നതിന് മുൻപ് എനിക്കുറങ്ങണം.എന്റെ വേദനയെ കുതിർത്തലിയിക്കാൻ വേനൽ മഴയെ കാത്തിരുന്ന ഞാൻ ഒരു ശരവേഗത്തിൽ എന്റെ മനസ്സിനെ പായിക്കുന്നു.ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങളിലേക്ക്, അവിടെ വേദന ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയില്ല. പരസ്പരം താങ്ങായുള്ള തോളുകൾ, പറയാൻ വിതുമ്പുന്ന ചുണ്ടുകൾ,അക്ഷരങ്ങൾ പരസ്പരം സമ്മാനം നൽകിയ മരച്ചുവട്. ഒരു മൂക സാക്ഷിയായി  ഗോപുര വാതിൽ, തണുത്ത വെള്ളത്തിൽ പാദങ്ങൾ നനച്ചു ഞങ്ങൾ ഇറങ്ങി നടന്ന അരുവികൾ, അന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന മഴ, മൗനത്തിന് പോലുമൊരു ഗീതത്തിന്റെ ചാരുതയുള്ള നിമിഷങ്ങൾ. പ്രണയമായിരുന്നോ ആ സ്വപ്നത്തിന്റെ ഇതിവൃത്തം? ഞാൻ നിനക്ക്‌ ആരെന്ന ചോദ്യത്തിന്റെ മറുപടി, ഒരിക്കലും മറക്കില്ല എന്നാവണം എങ്കിൽ, ഞാൻ കണ്ടതൊക്കെയും സത്യം. ഒരു കുളിർമയോടെ നെഞ്ചോട് ചേർത്തു വെക്കാൻ ഉള്ള സത്യം. എന്റെ വേദന ഇപ്പോൾ ഒരു നീറ്റലായി മാറുന്നു. മുറിവുകൾ ഇല്ലാത്ത നീറ്റൽ.. ഒരു പക്ഷേ ഇനി എനിക്കുറങ്ങാൻ കഴിയില്ല….

പീലിനിലാവ്

എന്റെ രാത്രികളിൽ നീയൊരു ലഹരിയായി മാറി. പകൽനിലാവായി എന്റെ ദിവാസ്വപ്നങ്ങളിലും! രാഗപൂക്കൾ താലമേന്തിയ വഴികളിൽ ഒക്കെയും നിൻ ചിരി ഒരു തിരിയായ് തെളിഞ്ഞു നിന്നിരുന്നു. കണിക്കൊന്ന പൂക്കൾ മെത്ത തീർത്ത ആ നടപ്പാതകൾ ഒരു പീത സാഗരമായി മാറവേ, അതിൽ നിൻ നനുത്ത കാൽപാദങ്ങൾ മൃദുവായി അമരവേ,പകൽനിലാവ് സാക്ഷിയായി ആ പീതസാഗരത്തിലെ ഒരു ബിന്ദുവായ് മാറുവാൻ ഒരിക്കൽ ഞാൻ ആശിച്ചു.ഇപ്പോൾ ഈ നിമിഷത്തിൽ എന്റെ അരികിൽ നീ ചിരിതൂകി നിൽക്കുമ്പോൾ നിലാവിൽ ഞാൻ ഒരു ശ്വേത പുഷ്പമായി മാറി.നിന്റെ കരവലയത്തിൽ അമർന്നു ഞാൻ പീത സാഗരത്തിൻ നിർവൃതി നേടി.നിറം മങ്ങി ഇരുൾ വന്നു മൂടിയ കാഴ്ച്ചയിൽ ഒരിതൾ പൂവായ് വന്നു നീ പുഞ്ചിരിച്ചു, എന്റെ കണ്ണിൽ പീലിതൻ നിറങ്ങൾ തന്നു.എന്റെ മനസ്സിനെ തൊട്ടുണർത്തി.മഴയായ് വന്നു നീ എന്നെ തഴുകുവാൻ പല രാത്രി എന്തിനോ ഞാൻ വെറുതെ കൊതിച്ചിരുന്നു. ഇന്നു നീ പ്രണയത്തിൻ കുളിരുള്ള മാരിയായ് പുണരുമ്പോൾ ഞാൻ ഒരു പുലർമഞ്ഞു തുള്ളിയായ് മാറിടുന്നു. ഇന്നെന്റെ കരളിലെ എരിയുന്ന കനലൊക്കെ നിന്റെ ചിരി തീർത്ത മഴയിൽ അണഞ്ഞിടുന്നു.